കൊട്ടിയൂരിൽ നടന്ന സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. തെറ്റ് ചെയ്ത വൈദികന് അതിന്റെ ശിക്ഷ ലഭിക്കുക തന്നെ വേണം. അതിൽ ആർക്കും എതിരഭിപ്രായം ഇല്ല. എന്നാൽ ഒരു വൈദികൻ ചെയ്ത വലിയ തെറ്റുമൂലം വൈദിക സമൂഹത്തെയാകെ അടച്ചാക്ഷേപിക്കാനുള്ള വേദിയാക്കി സോഷ്യൽ മീഡിയ ഇന്ന് മാറിയിരിക്കുന്നു.
വൈദികരും മനുഷ്യരാണ്, അവർ സ്വീകരിച്ചിരിക്കുന്ന വിളി അവരെ മനുഷ്യരെക്കാൾ ശ്രേഷ്ഠരാക്കുന്നു. ഈ തിരിച്ചറിവ് നമുക്ക് ഉണ്ടായിരിക്കണം’. ഓരോ വിശ്വാസികളുടെയും ജനനം മുതൽ മരണം വരെ അവനെ ദൈവത്തിലൂടെ വഴി നടത്തുന്ന വൈദികരിൽ ചിലർ ചെയ്യുന്ന തെറ്റിന് സമൂഹം മുഴുവൻ ശിക്ഷിക്കപ്പെടുന്നത് യുക്തമല്ല. വിമർശി ക്കുന്നവർ ഒന്നുകൂടി ചിന്തിക്കുക, നിങ്ങളുടെ വീട്ടിലെ ആരെങ്കിലും ഒരു തെറ്റ് ചെയ്താൽ അതിന്റെ പേരിൽ വീട്ടിലെ എല്ലാവരേയും ആരെങ്കിലും അടച്ചാക്ഷേപിച്ചാൽ അതിന് നിങ്ങൾ സമ്മതിക്കുമോ?
നന്മ ചെയ്യുന്ന എത്രയോ പേരുണ്ട്! എന്നിട്ടെന്തേ അതൊന്നും ആരും കാണാതെ പോകുന്നു? എന്തേ അത്തരത്തിലുള്ളവരെ കുറിച്ച് നല്ലതു പറയുന്നില്ല? ഒന്നോ രണ്ടോ വൈദികർ തെറ്റ് ചെയ്താൽ മറ്റെല്ലാ വൈദികരെയും അവഹേളിക്കുകയും കുറ്റപെടുത്തുകയും ചെയ്യുന്നത് ക്രൈസ്തവരെ ഒന്നടങ്കമാണ് വേദനിപ്പിക്കുന്നത്.
വൈദിക സമൂഹത്തെയൊന്നാകെ പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയ എഴുതി തിമർക്കുമ്പോഴും ഏതാനും പോസ്റ്റുകൾ വേനലിലെ കുളിർമഴപോലെ ആശ്വാസപ്രദമായി. ആ പോസ്റ്റുകൾ അനേകായിരങ്ങളിൽ പ്രത്യാശയും ആനന്ദവും സൃഷ്ടിച്ചു എന്ന് പറയാതെ വയ്യ.
ദേവി മേനോന്റെ പോസ്റ്റിന് കടപ്പാട് പോലെ റോസ്മരിയ(അച്ചു) എഴുതിയ പോസ്റ്റ് ഏറെ ഹൃദ്യമായി തോന്നി. ഫേസ്ബുക്കിൽ വൈറലായ അതിലെ വരികൾ ഇങ്ങനെയാണ്; ഒരു തെറ്റ് സംഭവിക്കുമ്പോൾ, അതിന്റെ ഉത്തരവാദിത്തം തെറ്റ് ചെയ്തവർക്കെല്ലാം ഉണ്ട്. ഒരു വശം മാത്രം അല്ല വിചാരണ ചെയ്യേണ്ടത്. അതും, പിന്നിട് തെറ്റുകൾ ആവർത്തിക്കാനുള്ള പ്രേരണയായി മാറും.
”ഞാനും ഒരു സ്ത്രീയാണ്, മനസ് കൊണ്ട് അമ്മയാണ്, സഹോദരിയും മകളും കൂട്ടുകാരിയുമൊക്കെയാണ്. നമ്മുടെ കുഞ്ഞുങ്ങൾ ആണായാലും, പെണ്ണായാലും നമുക്ക് തുല്യസ്‌നേഹമാണ്. തെറ്റ് തിരുത്തേണ്ടത് നമ്മുടെയും കൂടി കടമയാണ്.
തുറന്നു പറയുന്നതിൽ ക്ഷമിക്കേണമേ, ഇന്ന് എല്ലാവർക്കും അടിപൊളി കുർബാനയും, അടിപൊളി അച്ചനും ഒക്കെയാണ് ഇഷ്ടം. 2000 വർഷങ്ങൾക്കു മുമ്പ് നമ്മെപോലെയുള്ള പലരും ചേർന്ന് അടിച്ചു പൊളിച്ചു മനുഷ്യരൂപം പോലും അല്ലാത്ത അവസ്ഥയിലാക്കി ക്രൂശിലേറ്റിയ നമ്മുടെ ആത്മജനെ നാമിന്ന് പ്രഥമസ്ഥാനത്ത് കാണുന്നുണ്ടോ? ആ ഓർമ്മയുണ്ടെങ്കിൽ നാം പതറില്ല
കൂടാതെ, തിരുസഭയ്ക്കും സന്യസ്ഥസമർപ്പിതർക്കും വേണ്ടി പ്രാർത്ഥിക്കാൻ കടമപ്പെട്ട നമ്മൾ ആ കടമ നിർവഹിക്കുന്നുണ്ടോ? സ്വന്തം കാര്യം, മാതാപിതാക്കളുടെ, ജീവിതപങ്കാളിയുടെ, മക്കളുടെ, പ്രിയപ്പെട്ടവരുടെ ഒക്കെയാണ് നമ്മുടെ പ്രാർത്ഥനനിയോഗങ്ങൾ.
ഈശോയുടെ ത്യാഗപൂരിതമായ പൗരോഹിത്യം കല്ലെറിയാൻ വിട്ടുകൊടുക്കാതെ, കത്തോലിക്കാ തിരുസഭയുടെ പുണ്യമായ വൈദികബ്രഹ്മചര്യത്തെ പിച്ചിചീന്താൻ സമ്മതിക്കാതെ, കുമ്പസാരം ഉൾപ്പെടെയുള്ള കൂദാശകളെ ആക്ഷേപചർച്ചയ്ക്കു വലിച്ചെറിയാതെ, നമ്മുടെ നിയോഗങ്ങളെ ശുദ്ധികരിക്കാം. ദിവസപ്രാർത്ഥനയിൽ പ്രഥമസ്ഥാനം ഈശോയുടെ സമർപ്പിതരുടെ നന്മയ്ക്ക് ആവാം. സഹനമെടുത്തു അവരുടെ വിശുദ്ധികരണത്തിനായി കണ്ണീരോടെ പ്രാർത്ഥിക്കാം. ഒരു വൈദികൻ ആരാണെന്ന് കുഞ്ഞുനാൾ മുതലേ നമ്മുടെ മക്കൾ അറിഞ്ഞു വളരട്ടെ.
യുദാസും ഈശോയുടെ ശിഷ്യനായിരുന്നു. ഇന്ന് നമ്മൾ ആ ശിഷ്യന്റെ പിന്നാലെയല്ല നടക്കുന്നത്.മാറ്റി നിർത്തേണ്ടവരെ മാറ്റി നിർത്തണം. എന്നാൽ തെറ്റുചെയ്യാത്തവരിലും കൂടി ചെളി വാരിയെറിയരുത്. ഓരോ വൈദികരെയും അഭിമാനത്തോടെ നമ്മുടെ പുണ്യമെന്ന് പറയാം. ളോഹ ഇട്ട് അവർ ആത്മവിശ്വാസത്തോടെ നടക്കട്ടെ. സെമിനാരി വിദ്യാർഥികളുടെ മനസ്സ് പതറുന്ന അഭിപ്രായങ്ങൾ ഈശോയെ ഓർത്തു ഒഴിവാക്കാം.
പ്രിയ വൈദികരേ…കുറച്ചു നേരത്തെ ശരീരത്തിന്റെ അഭിലാഷങ്ങൾക്ക് മുന്നിൽ ആ ദൈവകൃപയെ ബലിയാക്കരുതേ വിശുദ്ധചുംബനം അൾത്താരയിൽ അർപ്പിക്കുമ്പോൾ യൂദാസ്സിന്റെ വഞ്ചനയുടെമുദ്രയുടെ കറ ഈശോയുടെ തിരുഹൃദയത്തിനു സമ്മാനിക്കരുതേ… കാറ്റിനെയും കടലിനെയും ഇല്ലാതാക്കാൻ കഴിയുന്നവനാണ് നിങ്ങളുടെ മണവാളൻ. ഒരു പ്രലോഭനങ്ങൾക്കും തോൽപ്പിക്കാനാവാത്ത ദൈവശക്തിദൈവകൃപ നിങ്ങളിൽ ഉണ്ടെന്ന് മറക്കരുതേ… ഒത്തിരി വേദനയോടും, അതിൽകൂടുതൽ സന്തോഷത്തോടുമാണ് നിങ്ങളുടെ മാതാപിതാക്കൾ, പ്രിയപ്പെട്ടവർ നിങ്ങളെ ഈശോയ്ക്കായി ഒരുക്കിയത്, സമർപ്പിച്ചത്, ആ ഓർമ്മ വെടിയരുതേ… ഈശോയുടെ മണവാട്ടിയായ തിരുസഭയുടെ മാനം നശിപ്പിക്കരുതേ. മനോവീര്യം നഷ്ടപ്പെട്ടആയിരങ്ങൾക്ക് ക്രിസ്തുവിലേക്ക് നോക്കാൻ പ്രചോദനം നൽകുന്നതായിരുന്നു ഈ പോസ്റ്റ്. സഭക്കെതിരെ തിരിയാൻ ഒരുങ്ങി ഇറങ്ങിയ പലരും ഇതുവായിച്ച് തൂലിക മടക്കി.
പ്രിൻസ് നിലമ്പൂർ വാട്‌സ് ആപ്പിൽ കുറിച്ച വരികളും ശ്രദ്ധേയമായി തോന്നി.
”ലക്ഷക്കണക്കിന് വിശുദ്ധരായ വൈദികർ എനിക്ക് ചുറ്റുമുണ്ട്. അവർക്കായി ഇത് എഴുതുന്നു. ഒരു വൈദികൻ ചെയ്ത തെറ്റിന് എനിക്ക് ചുറ്റുമുള്ള വിശുദ്ധരായ വൈദികരേയും സഭയെയും താറടിച്ച് സോഷ്യൽ മീഡിയയിൽ എഴുതുവാൻ ഞാൻ തീരെ പക്വത ഇല്ലാത്തവനല്ല. വിവേകമില്ലാത്തവനുമല്ല. ഒരു ഫെയ്‌സ്ബുക്ക് ലൈക്ക് കിട്ടാൻ വേണ്ടി ഞാൻ കുടുംബത്തിന്റെ മാനം തെരുവിൽ വിൽക്കുന്നവനുമല്ല.
എന്ത് കൊണ്ട് ഞാനത് ചെയ്യുന്നില്ല?
”ലക്ഷക്കണക്കിന് വിശുദ്ധരായ വൈദികർ എനിക്ക് ചുറ്റുമുണ്ട്. അവർക്കായി ഇത് എഴുതുന്നു. ഒരു വൈദികൻ ചെയ്ത തെറ്റിന് എനിക്ക് ചുറ്റുമുള്ള വിശുദ്ധരായ വൈദികരേയും സഭയെയും താറടിച്ച് സോഷ്യൽ മീഡിയയിൽ എഴുതുവാൻ ഞാൻ തീരെ പക്വത ഇല്ലാത്തവനല്ല. വിവേകമില്ലാത്തവനുമല്ല. ഒരു ഫെയ്‌സ്ബുക്ക് ലൈക്ക് കിട്ടാൻ വേണ്ടി ഞാൻ കുടുംബത്തിന്റെ മാനം തെരുവിൽ വിൽക്കുന്നവനുമല്ല.
എന്ത് കൊണ്ട് ഞാനത് ചെയ്യുന്നില്ല?
അമ്മയുടെ ഉദരത്തിൽ ഉരുവായ നാൾ മുതൽ ആറടി മണ്ണോളം സഭാ മക്കളെ വിശുദ്ധമായ കൂദാശ നൽകി അവരുടെ ജീവിതത്തിന്റെ കണ്ണിരിന്റെ ദിനങ്ങളിലും ചിരിയുടെ വേളകളിലും ഒരുസ്വർഗീയ നിഴൽ പോലെ വലയം ചെയ്ത ഒരു പാടു വിശുദ്ധമായ വൈദികർ എനിക്ക് ചുറ്റുമുണ്ട്.വെയിലും മഴയും കൊണ്ട് തളരാതെ കുന്നും മലയും കാൽനടയായി കയറിയിറങ്ങി ഞങ്ങളുടെ പിതാക്കന്മാർക്ക് അവസാനമായി ദിവ്യകാരുണ്യം നൽകിയ ഒരുപാടു കരങ്ങളുണ്ട്. ആ കരങ്ങളിൽ ചെളി പുരളുന്നത് ഞങ്ങൾക്ക് സങ്കൽപ്പികാൻ പോലും ആവുന്നതല്ല. പക്ഷെ ഒരിക്കൽ ചെളിപുരണ്ടാൽ ആ ചെളിയെ ഓർത്ത് നിങ്ങളെയെല്ലാം ആരുടെയെങ്കിലും പിന്തുണ കിട്ടാൻ മാത്രം സോഷ്യൽ മീഡിയയുടെ നാലാംകിട തെരുവിലിട്ട് തുണി വലിച്ചൂരി നിർത്താൻ മാത്രം നന്ദികെട്ടവരല്ല ഞങ്ങൾ.
അങ്ങിനെ ചെയ്യുന്നവർക്കായി നിങ്ങളുടെ വിശുദ്ധ കരങ്ങൾ ചുംബിച്ച് കൊണ്ട് അവർക്കായി മാപ്പ് ചോദിക്കുന്നു.നിങ്ങൾ വൈദികർ ഒരു തെറ്റും ചെയ്യാത്ത ബാക്കിയുള്ളവർ ഇന്ന് എന്ത് പിഴച്ചു? എന്നേക്കാൾ ഉപരി ഇന്ന് നിങ്ങൾ കരഞ്ഞിട്ടുണ്ടാകാം. ഇല്ല.. നിങ്ങളെ ആരും വിധിക്കുന്നില്ല.ഹൃദയത്തിൽ സ്‌നേഹിക്കുന്നു. ഉള്ളുരുകി പ്രാർത്ഥിക്കുന്നു. ഒരു വൈദികനെ എനിക്ക് വേണമെങ്കിൽ ഇല്ലാതാക്കാം. പക്ഷെ ഒരു വൈദികനെ എനിക്ക് തിരുസഭയിലേക്ക് നിർമ്മിച്ചു നൽകാൻ പറ്റില്ല എന്ന് അറിയാം. കാരണം അത് ദൈവത്തിന്റെ സവിശേഷമായ വിശുദ്ധമായ തിരഞ്ഞെടുപ്പാണ്.
പ്രിയപ്പെട്ട വൈദികരെ, നിങ്ങൾ ഇത്തരം വാർത്തകളിൽ തളരരുത്. നിങ്ങൾ കരയരുത്. കാസയും പീലാസയുമുയർത്തുന്ന നിങ്ങളുടെ വിശുദ്ധമായ കരങ്ങളിൽ ഞാൻ എന്റെ ക്രൂശിതന്റെ കരം കാണുന്നു. നിങ്ങൾ ബലിപീഠത്തിൽ നിൽക്കുമ്പോൾ തിരുസഭയുടെ സൗന്ദര്യം ഞാൻ ദർശിക്കുന്നു. അതിൽ അഭിമാനിക്കുന്നു. നിങ്ങൾ കുമ്പസാരകൂട്ടിൽ ഇരിക്കുമ്പോൾ പലപ്പോഴും ഞാൻ നിങ്ങളിൽ ക്രിസ്തുവിനെ നേരിട്ട് കണ്ടിട്ടുണ്ട്. നിങ്ങൾ എന്റെ ഭവനത്തിൽ വരുമ്പോഴെല്ലാം അവിടം വിശുദ്ധമാകുന്നത് ഞാൻ പലപ്പോഴും ദർശിച്ചിട്ടുണ്ട്. നിങ്ങളുടെ കരത്തിൽ നിന്നും സ്വർഗത്തിന്റെ അഗ്‌നി പുറപ്പെടുന്നതും ഞാൻ കണ്ടിട്ടുണ്ട്. നിങ്ങളിൽ ഒരാൾക്ക് തെറ്റുപറ്റാം. പക്ഷെ നിങ്ങളെ എല്ലാം അതിനാൽ തന്നെ വിധിക്കുവാൻ ഞാൻ അത്രമാത്രം അധപതിച്ചവനല്ല. നിങ്ങൾക്കായി പ്രാർത്ഥിക്കാൻ ഞാൻ തിരക്കിനിടയിൽ മനപൂർവ്വം മറക്കുന്നു. കാരണം എന്റെ കുടുംബത്തിലെ സഹോദരനാണ് നിങ്ങൾ എന്നത് ഞാൻ മനപൂർവ്വം എന്തിനോ വേണ്ടി മറക്കുന്നു.
ഇത്തരം വാർത്തകൾ എനിക്കുള്ള വലിയ മുന്നറിയിപ്പാണ് … നിങ്ങൾക്കായി കരമുയർത്താനുള്ള സ്വർഗ്ഗത്തിന്റെ മുന്നറിയിപ്പ്. തളരരുത്. തനിച്ചിരിക്കുബോൾ പിന്നിലേക്ക് നോക്കുക. നീലകാപ്പയുമായി സ്വർഗരാജ്ഞി ചാരെ ആശ്വസമായി ചേർന്നു നിൽക്കുന്നുണ്ട്. ഫോൻ നമ്പറോടു കൂടി നൽകിയ പോസ്റ്റ് ഇപ്പോഴും ആളുകൾ കൈമാറിക്കൊണ്ടിരിക്കുന്നു.
നിമിൻ മാത്യുവിന്റെ എഫ്. ബിയിലെ കുറിപ്പും വൈദികർക്ക് ആശ്വാസ ദൂതായി മാറുന്നതാണ്. വൈദികർക്ക് ഒരു തുറന്ന കത്താണ് അദേഹം തയാറാക്കിയിരിക്കുന്നത്. അതുപുരോഹിതരെ മാത്രമല്ല എല്ലാവർക്കുമുള്ള ആശ്വാസ ദൂതായി മാറുന്നു.
”ഏറെ വേദന നിറഞ്ഞ ദിവസങ്ങളിലൂടെയാണ് നിങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നറിയാം. ഒരേ ഒരു വാക്കേ നിങ്ങളോടെനിക്ക് പറയാനുള്ളൂ. സാരമില്ല. ആരോ ചെയ്ത തെറ്റിന് നിരപരാധിയായ നിങ്ങളെന്തിനാണ് തല താഴ്ത്തുന്നത്? ഇല്ല, എനിക്ക് നിങ്ങളെ വെറുക്കനാവില്ല. വേദനിപ്പിക്കുന്ന ആ വാർത്തകളൊക്കെ അറിഞ്ഞതിനു ശേഷവും നിങ്ങളോടെനിക്ക് സ്‌നേഹം കൂടിയിട്ടേ ഉള്ളു. ചെയ്യാത്ത തെറ്റിന് സഹനമേറ്റെടുക്കുന്ന നിങ്ങളെ ഞാൻ സ്‌നേഹി ക്കുന്നു.
ഞാൻ കണ്ടിട്ടുള്ള വൈദികർക്കൊക്കെ ഒരേ മുഖച്ഛായയാണ്. ക്രിസ്തുവിന്റെ മുഖച്ഛായ. വൈകുന്നേരം എല്ലാ ദിവസവും ഞങ്ങളുടെ കൂടെ വോളിബോൾ കളിക്കുന്ന കൊച്ചച്ചൻ എന്തിനാണ് മുറിയിൽ ഇരിക്കുന്നത്? ലജ്ജകൊണ്ട് നിങ്ങളുടെ ശിരസ്സ് കുനിഞ്ഞാൽ കുനിയുന്നത് ഞങ്ങളുടെ ശിരസ്സ് തന്നെയാണ്. സോഷ്യൽ മീഡിയയിലെ നാല് ലൈക്കിനുവേണ്ടി പൈതൃകത്തെ ഒറ്റിക്കൊടുക്കാത്ത ചെറുപ്പക്കാർ ഇപ്പോഴുമുണ്ട്. അതുകൊണ്ട് ധൈര്യമായിരിക്കുക. ഒരുപക്ഷെ ഇതായിരിക്കും ദൈവം നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്ന സഹനം.
വൈദികരുടെ പുണ്യ ജീവിതത്തിനു ജീവിച്ചിരിക്കുന്ന ഒരുപാട് സാക്ഷ്യങ്ങളുണ്ട്. നിങ്ങളും പുണ്യവാന്മാരുടെ ജനുസ്സിൽ പെട്ടവരും അവരുടെ പിന്മുറക്കാരുമാണ്.എവിടെ വച്ചു കണ്ടാലും സുഖവിവരം അന്വേഷിക്കുന്ന വികാരിയച്ചനിലും, പുഞ്ചിരിയോടെ പാപപ്പൊറുതി തരുന്ന കുമ്പസാരക്കൂട്ടിലെ വൃദ്ധവൈദികനിലും , കുർബാനയ്ക്ക് ശേഷം അൾത്താരബാലന്മാരുടെ കൂടെയിരുന്ന് കാരംസ് കളിച്ച് തല്ലുകൂടുന്ന കൊച്ചച്ചനിലും ഞാൻ ക്രിസ്തുവിനെ കണ്ടിട്ടുണ്ട്. വല്ല്യമ്മച്ചിയുടെ മരണ നേരത്ത് പാതിരാത്രി ഒരു പരാതിയും കൂടാതെ കുർബാന കൊടുക്കാൻ വന്ന വൈദികൻ വൈദികസമൂഹത്തിന്റെ തന്നെ പ്രതിനിധി ആണ്.
ഞാനുൾപ്പെടെയുള്ള മറ്റാർക്കോ വേണ്ടി സ്വന്തം കുടുംബവും സുഖസൗകര്യങ്ങളും വേണ്ടെന്നുവച്ച് എന്ത് സഹനവും ഏറ്റെടുക്കുവാൻ തയ്യാറായവരാണ് നിങ്ങൾ. അതെ, നിങ്ങളുടെ ജീവിതം രക്തസാക്ഷിത്വം തന്നെയാണ്.അതുകൊണ്ട് സോഷ്യൽ മീഡിയയിലെ ആക്രോശങ്ങളിൽ നിങ്ങളുടെ ശിരസ്സ് കുനിയരുത്. പുത്തൻകുർബാനയുടെ അന്ന് ചുംബിച്ച അതേ സ്‌നേഹത്തോടും ആദരവോടും കൂടെ അങ്ങയുടെ കൈകൾ ഞാൻ ചുംബിക്കുന്നു. അങ്ങയെ വാക്ക് കൊണ്ടും പെരുമാറ്റം കൊണ്ടും വേദനിപ്പിച്ച എല്ലാവർക്കും വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു.അങ്ങയെ നോക്കി ‘അച്ചാ ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ‘ എന്ന് ഞാൻ പറഞ്ഞാൽ അതിൽ ലവലേശം കള്ളത്തരമോ പരിഹാസമോ ഇല്ല, മറിച്ച്, ഹൃദയം നിറഞ്ഞ നന്ദിയും തികഞ്ഞ സ്‌നേഹവും ആദരവും മാത്രമാണ്.
സംവിധായകനും നടനുമായ ജോയ് മാത്യുവിന്റെ പ്രതികരണത്തെ സോഷ്യൽ മീഡിയ ആഘോഷമാക്കി മാറ്റി. ‘എല്ലാ വൈദികരെയും വന്ധീകരിക്കണമെന്നാണ് അദേഹം പറഞ്ഞത്. തലശരി അതിരൂപതയിലെ കെ.സി.വൈ.എം. ആലക്കോട് യൂണിറ്റ് പ്രവർത്തകർ ഇതിനൂള്ള പ്രതികരണവും നൽകി. അവർ എഴുതുന്നു.”പ്രിയ ജോയ് മാത്യു ഒരു കാര്യം മനസിലാക്കുക,ഇവിടുത്തെ എല്ലാ വൈദികരും ഫാ.റോബിൻ അല്ലെന്നുള്ള കാര്യം. സ്വന്തം അപ്പൻ മകളെ പീഡിപിച്ച് ഗർഭിണി ആക്കിയ നാടാണ് കേരളം.എന്ന് വെച്ച് കേരളത്തിലെ എല്ലാ അപ്പൻമാരെയും വന്ധീകരികാൻ പറ്റുമോ ? താങ്കളെ പോലുള്ളവരുടെ പോസ്റ്റ് കാരണം വേദനിക്കുന്ന ഒരുപാട് വിശ്വാസികൾ ഉണ്ട്.ഈ കുറ്റ കൃത്യത്തിന് ഏറ്റവും ഉചിതമായ ശിക്ഷ തന്നെ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.ഒപ്പം ഒരാൾ തെറ്റ് ചെയ്താൽ ബാക്കി എല്ലാ വൈദികരെയും അടച്ച് ആക്ഷേപിക്കുന്ന ഈ പരിപാടി ഇനിയെങ്കിലും എല്ലാവരും കുറയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ ചൂണ്ടിക്കാടുന്നു.
അതെ; ഈ പ്രതിസന്ധിഘട്ടത്തിൽ സഭയെ പരിഹസിച്ചവർക്ക് ചുട്ട മറുപടി നൽകിയും വൈദികരെ പിന്തുണച്ചും അനേകം പേരാണ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. ഒരർത്ഥത്തിൽ അവരുടെ പോസ്റ്റുകളൊക്കെയാകാം, കൂടുതൽ പരിഹാസത്തിലേക്ക് സഭാനേതൃത്വത്തെ വീഴ്ത്താതിരുന്നത്.
നമുക്ക് പ്രാർത്ഥിക്കാം. വൈദിക സമൂഹത്തിനായി.. സഭക്കായി…
നിത്യപുരോഹിതനായ ഈശോയേ, അങ്ങേ ദാസൻമാരായ വൈദികർക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരുഹൃദയത്തിൽ അഭയം നല്കണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറും എടുക്കുന്ന അവരുടെ അഭിഷിക്തകരങ്ങളെ മലിനമാക്കാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താൽ നനയുന്ന അവരുടെ നാവുകളെ നിർമ്മലമായി കാത്തുക്കൊള്ളണമേ. ശ്രേഷ്ഠമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയമുദ്ര പതിച്ചിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളിൽ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുക്കൊള്ളുകയും ചെയ്യണമേ. അങ്ങേ ദിവ്യസ്‌നേഹം അവരെ ലോകതന്ത്രങ്ങളിൽ നിന്നു സംരക്ഷിക്കട്ടെ. അവരുടെ പ്രയത്‌നങ്ങൾ ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ. അവരുടെ ശുശ്രുഷ ലഭിക്കുന്നവർ ഇഹത്തിൽ അവരുടെ ആനന്ദവും ആശ്വാസവും പരത്തിൽ നിത്യസൗഭാഗ്യത്തിന്റെ മകുടവും ആയിത്തീരട്ടെ. ആമേൻ.
ലോകരക്ഷകനായ ഈശോ, അങ്ങേ പുരോഹിതരെയും വൈദിക ശുശ്രുഷകരെയും ശുദ്ധികരിക്കേണമേ.
വൈദികരുടെ രാജ്ഞിയായ മറിയമേ,വൈദികർക്കുവേണ്ടി പ്രാർത്ഥിക്കണമേ.
വൈദീകരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനി, വൈദികർക്കുവേണ്ടി പ്രാർത്ഥിക്കണമേ.